
മധ്യപൂർവ്വ ദേശത്തിലുള്ള മൂന്ന് ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പ്രധാന മേലദ്ധ്യക്ഷന്മാരുടെ സംയുക്ത പ്രസ്താവനയോടുള്ള പ്രതികരണം:
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഇന്റർ ചർച്ച്- എക്യൂമെനിക്കൽ റിലേഷൻസ് ഡിപ്പാർട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്:
തിയതി: 2025 മേയ് 19 | സ്ഥലം: കോട്ടയം
കോട്ടയം : മധ്യപൂർവ്വ ദേശത്തിലുള്ള മൂന്ന് ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പ്രധാന മേലദ്ധ്യക്ഷന്മാർ പ്രസിദ്ധീകരിച്ചിരിക്കുന്ന സംയുക്ത പ്രസ്താവന ഞങ്ങളുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇന്ത്യയിലെ "സിറിയൻ ഓർത്തഡോക്സ് യാക്കോബായ സഭ" യുടെ പുതിയ "കാതോലിക്കാ" മോർ ബസേലിയോസ് ജോസഫിന്റെ സ്ഥാനരോഹണത്തിനു സിറിയൻ ഓർത്തഡോക്സ് സഭയുടെ പ. പാത്രിയർക്കീസ് മോർ ഇഗ്നത്തിയോസ് അഫ്രേം രണ്ടാമൻ തിരുമേനി നേതൃത്വം നൽകിയതിന് കോപ്റ്റിക് സഭയുടെ പാത്രിയർക്കീസും സിലുഷ്യയിലെ അർമേനിയൻ ഓർത്തഡോക്സ് സഭയുടെ കാതോലിക്കയും അഭിനന്ദനം അറിയിച്ച ശേഷം ഇന്ത്യയിലെ "വേർപെട്ട വിഭാഗത്തിന്റെ" പ്രതിനിധികൾ പങ്കാളികളായുള്ള ആരാധനയിലും ദൈവശാസ്ത്ര സംവാദങ്ങളിലും പങ്കെടുക്കില്ലെന്ന സിറിയൻ ഓർത്തഡോക്സ് സഭയുടെ "യൂണിവേഴ്സൽ" സുന്നഹദോസ് തീരുമാനത്തിന് മറ്റു രണ്ടുപേരും പിന്താങ്ങൽ നൽകിയിരിക്കുന്നുവെന്നതാണ് സംയുക്ത പ്രസ്താവനയുടെ സംഗ്രഹം. ഇത് അപലപനീയം തന്നെ! ഒരു സമാധാന ഐക്യ സംവാദത്തിനു വാതിൽ തുറന്നിരിക്കുന്നു എന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത് സ്വാഗതാർഹം.
ചരിത്ര സത്യങ്ങളെ തമസ്കരിക്കുന്നത് വർത്തമാന കാലഘട്ടത്തിന്റെ സ്വഭാവമായി മാറിയിട്ടുണ്ട്. അത് സംയുക്ത പ്രസ്താവനയിലും ദൃശ്യമാണ്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഏക ഓർത്തഡോക്സ് സഭയായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ 1974-ൽ സമാന്തര മെത്രാന്മാരുടെ വാഴിക്കലും നിയമനവും നടത്തി രണ്ടായി മുറിച്ചതും അതുവഴി സഭയിൽ ഇന്നുവരെ നീണ്ടുനിൽക്കുന്ന ആഭ്യന്തര കലഹം സൃഷ്ടിച്ചതും അന്ത്യോക്യൻ സുറിയാനി സഭയുടെ പാത്രിയർക്കീസ് തന്നെ ആയിരുന്നുവെന്നത് പകൽ പോലെയുള്ള സത്യമാണ്. ഭാരതത്തിലെ നീതിനിയായ കോടതികളുടെ വിധിന്യായങ്ങൾ പരിശോധിച്ചാൽ തന്നെ ഇത് വെളിവാകും.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ (MOSC) ഓറിയന്റൽ ഓർത്തഡോക്സ് സഭാ സമൂഹത്തിനുള്ളിൽ സംപൂർണ്ണ സ്വയംഭരണമുള്ള (autocephalous) ഒരു സഭയാണ്. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് മൂന്നാമൻ തിരുമേനിയാണ് അതിന്റെ ഇപ്പോഴത്തെ ദൃശ്യ തലവൻ. ഈ സഭയ്ക്ക് തനതായ അപ്പോസ്തോലിക പാരമ്പര്യവും ക്രൈസ്തവ സാക്ഷ്യവുമുണ്ട്.
സംയുക്ത പ്രസ്താവനയിലെ "ഇന്ത്യയിലെ സുറിയാനി സഭ" (Syrian Church in India) എന്ന പരാമർശം,അന്ത്യോക്യൻ സുറിയാനി സഭയുടെ കീഴിൽ 1974-ൽ തുടക്കമിട്ടതും പിന്നീട് 2002-ൽ ഔദ്യോഗികമാക്കാൻ ശ്രമിച്ചതുമായ ശാഖയെ ഉദ്ദേശിച്ചു മാത്രമാകണം. ഇതിനെ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ പാർശത്തിൽ നിന്ന് അടർത്തി മാറ്റിയതാണ്. ഈ ശാഖയുടെ തുടക്കമാണ് ഒരിക്കലും തീരാത്ത വ്യവഹാരങ്ങളുടെ അവസാനത്തെ കാരണവും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാനോനികമായ അഖണ്ഡതയെ അസത്യ പ്രസ്താവനകളിലൂടെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നതും.
ഈ വിഷയത്തിൽ ഭാരതത്തിലെ ബഹു. സുപ്രീം കോടതി ഉൾപ്പെടെയുള്ള നീതിന്യായ സംവിധാനങ്ങൾ നിർണ്ണായക വിധികൾ നൽകി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സ്വയം ഭരണവും കാനോനിക അവകാശങ്ങളും ഉറപ്പിച്ചിട്ടുള്ളതും അതു രേഖാപരമായിതന്നെ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ ഉൾപ്പടെ ആഗോളതലത്തിലുള്ള മറ്റു ക്രൈസ്തവ സഭകളെയും എക്യുമെനിക്കൽ സംഘടനകളെയും ദൈവശാസ്ത്ര സംവാദ സമിതികളെയും അറിയിച്ചിട്ടുള്ളതുമാണ്.
സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്ന കൂട്ടായ്മ മധ്യപൂർവദേശത്തിലെ മൂന്ന് ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവന്മാരുടെ പ്രാദേശിക സംഗമമാണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയോ, പ്രധാന ആർമേനിയൻ സഭയായ എച്ച്മിയാഡ്സനിലെ അപ്പൊസ്തോലിക സഭയോ, എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭയോ, എറിട്രിയൻ ഓർത്തഡോക്സ് തെവാഹെദോ സഭയോ ഇതിൽ പങ്കാളികളല്ല. പ്രാദേശിക കൂട്ടായ്മകളും പാൻ-ഓറിയന്റൽ സംവാദ പ്ലാറ്റ്‌ഫോമുകളും ഒഴിച്ചാൽ, മുഴുവൻ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കുമായി സംസാരിക്കുന്ന ഏക പ്രാതിനിധ്യമുള്ള സംവിധാനം ഇപ്പോൾ നിലവിലില്ല.
2017 മുതൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ അന്താരാഷ്ട്ര ഓർത്തഡോക്സ് സമ്മേളനങ്ങളിൽ നിന്നും ഒറ്റപ്പെടുത്താനുള്ള അന്ത്യോക്യൻ സുറിയാനി സഭയുടെ ശ്രമങ്ങളെ വിവിധ മാർഗ്ഗങ്ങളിലൂടെ മലങ്കര സഭ പ്രതിരോധിക്കുകയും, സംവേദനപരമായ പങ്കാളിത്തത്തിലൂടെ അവയെ ന്യായമായും ദൈവശാസ്ത്ര പരമായും തടയുകയും ചെയ്തിട്ടുണ്ട്.
അന്ത്യോക്യൻ സുറിയാനി സഭയുടെ പാത്രിയർക്കീസ് മലങ്കര സുറിയാനി സഭയിലെ ഒരു അംഗത്തിനെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം അല്ലാതെ മഫ്രിയാന ആയി വാഴിച്ചു കൊണ്ട് സഭയിൽ സമാന്തര ഭരണം വീണ്ടും സൃഷ്ടിച്ചിട്ട് അതിനെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിപ്പിക്കാൻ നടത്തുന്ന ശ്രമത്തെ മലങ്കര സഭ ശക്തമായി അപലപിക്കുന്നു. ഇത് ക്രൈസ്തവ സനാധന ധർമ്മങ്ങൾക്ക് വിപരീതവും മലങ്കര സഭയുടെ ഭരണഘടനക്ക് വിരുദ്ധവും ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തോടുള്ള അവഹേളനവും മലങ്കര സഭയിൽ വീണ്ടും വ്യവഹാരങ്ങളും ഭിന്നതയും വർദ്ധിപ്പിക്കുന്നതിനുള്ള വ്യാമോഹവുമാണ്. പാത്രിയർക്കീസിന്റെ അകാനോനികമായ നടപടികൾക്കെതിരെ മലങ്കര സഭ യോഗ്യമായ രീതിയിൽ അന്താരാഷ്ട്ര സഭാ-സംവാദ വേദികളിൽ പ്രതികരിക്കും.
ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിന്റെ ഐക്യത്തിനും ദൈവശാസ്ത്ര ഐക്യത്തിനും വേണ്ടി മലങ്കര സഭയുടെ പ്രതിബദ്ധതയും ശ്രമവും തുടരുന്നതാണ്. എന്നാൽ മുറിവുകൾ ഉണങ്ങുവാനും ഐക്യത്തിന്റെ ശാശ്വതമായ പുനസ്ഥാപനം സാധ്യമാകുവാനും വേണ്ടി, ചരിത്ര സത്യങ്ങൾ, സഭാവ്യവസ്ഥകൾ, കാനോനികമായ അതിരുകൾ, അതാത് സഭകൾ നിൽക്കുന്ന രാജ്യനിയമങ്ങൾ തുടങ്ങി പലതും പരസ്പരം അംഗീകരിക്കപ്പെടേണ്ടതുണ്ട്. ഭാവിയിൽ നടക്കുന്ന സംവാദങ്ങൾക്ക് ഈ ആത്മാവാണ് മാർഗ്ഗദർശിയായിരിക്കേണ്ടത്. അല്ലാതെ കോളനിവൽക്കരണവും അപ്രമാദിത്യവുമല്ല. സത്യം തെളിഞ്ഞു നിൽക്കട്ടെ!