
മിഡിൽ ഈസ്റ്റിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവന്മാരുടെ സമീപകാല പ്രസ്താവനയ്ക്കുള്ള മറുപടി
മിഡിൽ ഈസ്റ്റിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവന്മാർ അടുത്തിടെ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന മലങ്കരയിലുള്ള ഓറിയൻ്റൽ ഓർത്തഡോക്സ് ക്രിസ്ത്യാനികൾ ശ്രദ്ധിച്ചു. പരിശുദ്ധ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസിനാൽ ഇന്ത്യയിലെ സുറിയാനി സഭയ്ക്കുവേണ്ടി മോർ ബസേലിയോസ് ജോസഫ് എന്ന പുതിയ കാതോലിക്കയെ (മഫ്രിയാന) വാഴിച്ചതിന് അന്ത്യോഖ്യയിലെ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്ന സന്ദേശം പ്രസ്തുത പ്രസ്താവനയിൽ ഉൾപ്പെടുന്നു. കൂടാതെ, "ഇന്ത്യയിലെ സഭയിലെ വിഘടിത വിഭാഗത്തിന്റെ" പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആരാധനാപരമായ ചടങ്ങുകളിലോ ഔപചാരിക ദൈവശാസ്ത്ര സംവാദങ്ങളിലോ പങ്കെടുക്കേണ്ടതില്ലെന്ന സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂണിവേഴ്സൽ സുന്നഹദോസിന്റെ തീരുമാനത്തോട് കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസിനും, സിലിഷ്യയിലെ അർമേനിയൻ കാതോലിക്കേറ്റിനുമുള്ള ഐക്യദാർഢ്യവും അതിൽ പ്രകടിപ്പിക്കുന്നു.
ഇന്ത്യയിൽ നിലവിലുള്ള ഏക ഓർത്തഡോക്സ് സഭയ്ക്കുള്ളിൽ, 1974-ൽ ഒരു സമാന്തര സഭാ നേതൃത്വത്തെ സൃഷ്ടിച്ചുകൊണ്ട് സുറിയാനി ഓർത്തഡോക്സ് സഭയാണ് വിഭാഗീയതയ്ക്ക് തുടക്കമിട്ടതെന്നും, അതുവഴി മലങ്കര സഭയെ വിഭജിക്കുകയും നിലവിലുള്ള സംഘർഷത്തിന് കാരണമാവുകയും ചെയ്തതെന്നും വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ (MOSC), ഓറിയന്റൽ ഓർത്തഡോക്സ് കുടുംബത്തിനുള്ളിലെ പൂർണ്ണമായും സ്വയം ശീർഷകത്വമുള്ള (ഓട്ടോസെഫാലസ്) സഭയാണെന്നും, അതിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ എന്ന സ്വന്തം കാതോലിക്കയും തനതായതും, അവിരാമവുമായ അപ്പോസ്തോലിക പാരമ്പര്യവും ഉണ്ടെന്നും ബന്ധപ്പെട്ട എല്ലാവരെയും ആദരവപൂർവ്വം ഓർമ്മിപ്പിക്കുന്നു. മേൽപ്പറഞ്ഞ പ്രസ്താവനയിലെ 'ഇന്ത്യയിലെ സുറിയാനി സഭ' എന്ന പരാമർശം, 1974-ൽ സൃഷ്ടിക്കപ്പെട്ട സമാന്തര സഭാ സംവിധാനമായ സുറിയാനി ഓർത്തഡോക്സ് പാത്രിയാർക്കേറ്റിന്റെ ഇന്ത്യൻ ഘടകത്തെ മാത്രമാണ് സൂചിപ്പിക്കുന്നത്. ഇത് മലങ്കര സഭയുടെ കാനോനികമായ നിലനിൽപ്പിനെ വെല്ലുവിളിക്കുകയും ദീർഘകാലമായുള്ള അധികാരപരിധി സംബന്ധമായ തർക്കങ്ങളുടെ കാരണമായി തുടരുകയും ചെയ്യുന്നു.
ഈ വിഷയം ഇന്ത്യൻ പരമോന്നത നീതിപീഠവും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയും തീർപ്പാക്കിയിട്ടുള്ളതും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭരണഘടനാപരവും സഭാപരവുമായ അവകാശങ്ങൾ സ്ഥിരീകരിച്ചിട്ടുള്ളതുമാണ്. ഈ തീരുമാനങ്ങൾ അന്താരാഷ്ട്ര തലത്തിലുള്ള ബന്ധപ്പെട്ട എല്ലാ എക്യുമെനിക്കൽ, ദൈവശാസ്ത്ര സംഘടനകളെയും അറിയിച്ചിട്ടുള്ളതാണ്.
പ്രസ്താവന പുറപ്പെടുവിച്ച സമിതി, ഒരു പ്രാദേശിക മിഡിൽ ഈസ്റ്റേൺ ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവന്മാരുടെ കൂട്ടായ്മയാണെന്നും, അതിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും, എച്മിയാഡ്സിനിലെ പരിശുദ്ധ മാതൃസിംഹാസനം (അർമേനിയൻ അപ്പോസ്തോലിക് ചർച്ച്), എത്യോപ്യൻ ഓർത്തഡോക്സ് തവാഹിദോ സഭ, എറിത്രിയൻ ഓർത്തഡോക്സ് തവാഹിദോ സഭ എന്നിവരും അംഗങ്ങളല്ലെന്നും വ്യക്തമാക്കാൻ ഈ അവസരം വിനിയോഗിക്കുന്നു. പ്രാദേശിക സഖ്യങ്ങൾക്കും പാൻ-ഓറിയന്റൽ സംവാദ വേദികൾക്കും പുറമെ, മുഴുവൻ ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയെയും പ്രതിനിധീകരിക്കാൻ അധികാരമുള്ള ഒരൊറ്റ അംഗീകൃത സമിതിയും നിലവിലില്ല.
2017 മുതൽ അന്താരാഷ്ട്ര, പാൻ-ഓർത്തഡോക്സ് വേദികളിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ ഒറ്റപ്പെടുത്താനുള്ള തുടർച്ചയായ ശ്രമങ്ങളെ ക്രിയാത്മകമായ ഇടപെടലുകളിലൂടെയും ദൈവശാസ്ത്രപരമായ സത്യസന്ധതയിലൂടെയും നിർവീര്യമാക്കാൻ എപ്പോഴും കഴിഞ്ഞിട്ടുണ്ട്. സുറിയാനി പാത്രിയാർക്കേറ്റ് ഒരു മഫ്രിയാനയെ (കാതോലിക്കയെ) വാഴിച്ചത്, ഒരു സമാന്തര സഭാ നേതൃത്വത്തിന് വിശാലമായ സഭാപരമായ അംഗീകാരം നേടിയെടുക്കാനുള്ള ബോധപൂർവമായ നടപടിയായിട്ടാണ് കാണുന്നത്. മലങ്കര സഭ ഈ വിഷയത്തെ എല്ലാ അന്താരാഷ്ട്ര സഭാപരവും എക്യുമെനിക്കൽ പരവുമായ വേദികളിൽ വ്യവസ്ഥാപിതമായി ഉന്നയിക്കുന്നതാണ്.
ഓറിയന്റൽ ഓർത്തഡോക്സ് കുടുംബത്തിന്റെ ഐക്യത്തിനും ദൈവശാസ്ത്രപരമായ യോജിപ്പിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുമ്പോൾ തന്നെ, ഏതൊരു സമാധാനത്തിൻ്റെയും അനുരഞ്ജനത്തിന്റെയും പ്രക്രിയയും ചരിത്രപരമായ വസ്തുതകൾ, സഭാശാസ്ത്രപരമായ തത്വങ്ങൾ, അധികാരപരിധികൾ പരസ്പരം അംഗീകരിക്കൽ എന്നിവയുടെ സത്യസന്ധമായ അംഗീകാരത്തോടെ ആരംഭിക്കണം. ഈ ചൈതന്യം ഭാവിയിലെ സംഭാഷണങ്ങളെ നയിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
(പുത്തൻകുരിശ് ആസ്ഥാനമാക്കിയ വിഘടിത സംഘം ഇന്ത്യയുടെ നീതി - ന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന പശ്ചാത്തലത്തിൽ ഈ വിശദീകരണം സുപ്രധാനമാണ്)
Quick Links: MOSC | CATHOLICATE NEWS | MALANKARA ASSOCIATION 2021
Indian Orthodox Sabha
Associated Builders, Temple Road
Kottayam - 686001, Kerala , India
Phone: +91 7558848848
Email: indianorthodoxsabha1934@gmail.com
Copyright © 2025 Indian Orthodox Sabha Media Wing. All rights reserved.