
2024 സെപ്റ്റംബർ 29 മുതൽ വത്തിക്കാനിൽ നടന്ന ആഗോള കത്തോലിക്കാ സഭാ സുന്നഹാദോസ് സമാപിച്ചു.
2021 ൽ പ്രാരംഭനടപടികൾ ആരംഭിച്ച് 2023 ലും 2024 ലുമായി സമ്മേളിച്ച സുന്നഹദോസ് ഒക്ടോബർ 27 ന് ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന വിശുദ്ധ കുർബാനയോടു കൂടി സമാപിച്ചു. പരി. പോപ്പ് ഫ്രാൻസിസ് ബലിയർപ്പണത്തിനു മുഖ്യ കാർമികത്വം വഹിച്ചു.
ലോകജനതയുടെ രോദനം കേൾക്കുന്ന ഒരു സഭയായി മാറുവാൻ പര്യാപ്തമായ രേഖകളാണ് സുന്നഹദോസിൽ രൂപപ്പെടുത്തിയിരിക്കുന്നത് എന്നും കഴിഞ്ഞ മൂന്ന് വര്ഷങ്ങളായി ദൈവജനത്തോട് സംവദിച്ചതിന്റെ പ്രതിഫലനം ആണ് സുന്നഹാദോസ് നിശ്ചയങ്ങൾ എന്നും അത് ദൈവജനത്തിന് ഒരു വരദാനമാകുന്നുവെന്നും സമാപന സന്ദേശത്തിൽ മാർപ്പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.സഭയുടെ എക്കുമിനിക്കൽ യാത്ര ശക്തമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത സുന്നഹാദോസ് വ്യെക്തമാക്കിയിട്ടുണ്ട്.
മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയെ പ്രതിനിധീകരിച്ച് ക്ഷണിതാവായി സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത രണ്ട് വർഷങ്ങളിലായി കൂടിയ സുന്നഹദോസിൽ പങ്കെടുത്തു.
ആഗോള വ്യാപകമായി കിടക്കുന്ന കത്തോലിക്കാ സഭയിലെ ബിഷപ്പുമാരും പുരോഹിതരും സിസ്റ്റേഴ്സും യുവതീ യുവാക്കളും, സഹോദരീ സഭകളിലെ പ്രതിനിധികളും മാർപ്പാപ്പയുടെ സാന്നിധ്യത്തിൽ ഒന്നിച്ചിരുന്നു ചർച്ച ചെയ്തു സഭയുടെ തീരുമാനങ്ങൾ എടുത്ത രീതിയും അനുഭവവും അവിസ്മരണീയമായ ഒന്നായിരുന്നു എന്ന് മലങ്കര ഓർത്തഡോൿസ് സഭയുടെ പ്രതിനിധി അഭിവന്ദ്യ ഡോക്ടർ മാർ ബാർണബാസ് തിരുമേനി അഭിപ്രായപ്പെട്ടു