സഭാജ്യോതിസ്സ്, പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ മലങ്കര മെത്രാപ്പോലീത്തായുടെ 206 ഓർമ്മ പെരുന്നാൾ.
1740 നവംബർ 25 ന് കുന്നംകുളം പുലിക്കോട്ടിൽ ശെമവൂൻ (ചുമ്മാർ), ഏലിശ്ബാ (എളിച്ചി)
ദമ്പതികളുടെ മകനായി ജനിച്ചു.
1741 ജനുവരിയിൽ അദ്ദേഹത്തിന്റെ വി മാമോദിസ മാതൃദേവാലയമായ പഴഞ്ഞി പള്ളിയിൽ വെച്ച് നടത്തപ്പെട്ടു.
1751 ൽ ചിറളയം പള്ളിയിൽ വെച്ച് ശക്രളള മാർ ബസേലിയോസ് മപ്രിയാനയിൽ നിന്നും ആദ്യ പട്ടം സ്വകരിച്ചു.
മാർത്തോമാ ആറാമനിൽ നിന്നും കശ്ശീശാ പട്ടം സ്വകരിച്ചു.
1809 ഓഗസ്റ്റ് 27 ന് മാർത്തോമാ ഏട്ടാമൻ ഇട്ടുപ്പ് കത്തനാരെ കണ്ടനാട് പള്ളിയിൽ വെച്ച് റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തി.
1815 മാർച്ച് 21-ാം തീയതി പഴഞ്ഞി പളളിയിൽ വെച്ച് തൊഴിയൂർ സഭയുടെ
കിടങ്ങൻ മാർ പീലക്സീനോസിൽ നിന്ന്
മെത്രാപ്പോലീത്ത സ്ഥാനം പ്രാപിച്ചു.
പുലിക്കോട്ടിൽ തിരുമേനി മലങ്കര സഭാ നവയുഗ ശിൽപ്പി
മലങ്കര സഭയുടെ സുപ്രസിദ്ധമായ രണ്ട് പടിയോലകൾക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു :
ആർത്താറ്റ് പടിയോല
_______________
1806 ൽ ഇട്ടുപ്പ് കത്തനാരുടെ നേതൃത്വത്തിൽ അന്നത്തെ മലങ്കര സഭാ തലവൻ മാർത്തോമാ ആറാമന്റെ അദ്ധ്യക്ഷതയിൽ ആർത്താറ്റ് പളളിയിൽ കുടിയതായ പള്ളിയോഗം, സകല വൈദേശിക മേൽക്കോയ്മകളെയും നിരാകരിച്ചുകൊണ്ട് റോമ്മായിൽ നിന്നോ ബാബേലിൽ നിന്നോ അന്ത്യോഖ്യയിൽ നിന്നോ മറ്റു വല്ല പരദേശത്തുനിന്നോ യാതൊരു മെത്രാന്മാരുടെയും ഉപദേശങ്ങളും നടപ്പുകളും ഒരു നാളും കേട്ട് വഴങ്ങില്ലാ എന്നും മാർത്തോമ്മാ ശ്ലീഹായുടെ പൂർവിക വിശ്വാസവും ചട്ടങ്ങളുംഅനുസരിച്ച് നടന്നുകൊള്ളുമെന്ന് ഊട്ടി ഉറപ്പിച്ചു പ്രഖ്യാപിച്ചു.
കണ്ടനാട് പടിയോല
______________
1809 ൽ മാർത്തോമാ ഏട്ടാമന്റെ നേതൃത്വത്തിൽ കണ്ടനാട് പള്ളിയിൽ കൂടിയ പടിയോലയിൽ ഇട്ടുപ്പ് കത്തനാരെ റമ്പാനാക്കുവാനും കായംകുളം ഫിലിപ്പോസ് റമ്പാനോടൊപ്പം മാർത്തോമാ ഏട്ടാമന്റെ പ്രധാന കാര്യവിചാരകരായി നിയമിക്കുവാനും യോഗം തീരുമാനിച്ചു. സഭക്ക് ഒരു ചട്ടകുട് ഉണ്ടാക്കിയതായ യോഗമായിരുന്നു കണ്ടനാട് പടിയോല. കൂദാശാ കാര്യങ്ങളിലും, വൈദികസ്ഥാനാർഥികളെ സുറിയാനിയും മറ്റും പഠിപ്പിക്കുന്നതിനും തെക്കും വടക്കും ഓരോ പഠിത്ത വീടുകൾ സ്ഥാപിക്കണമെന്നു , വൈദികരെ സുറിയാനി പഠിപ്പിക്കുവാൻ മൽപാന്മാരെ നിയമിക്കണമെന്നും യോഗം നിശ്ചയിച്ചു.
ബൈബിൾ വിവർത്തനം
________________
1811 മലങ്കര സന്ദർശിച്ച ക്ലോഡിയസ് ബുക്കാനൻ കണ്ടനാട് പള്ളിയിൽ അന്നത്തെ മലങ്കര സഭ തലവൻ മാർത്തോമാ അറമാനുമായി കൂടിക്കാഴ്ച്ച നടത്തി, സുറിയാനി ബൈബിൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ തീരുമാനമായി. അതിൻപ്രകാരം, മാർത്തോമാ ആറാമൻ മലങ്കര സഭയിലെ ഏറ്റവും പ്രശസ്ത സുറിയാനി പണ്ഡിതരായിരുന്ന കായംകുളം ഫിലിപ്പോസ് റംമ്പാനെയും പുലിക്കോട്ടിൽ ഇട്ടൂപ്പ് കത്തനരെയും നിയമിച്ചു. ഇരുവരുടെ ശ്രമഫലത്താലും, ക്ലോഡിയസ് ബുക്കാനോന്റെ സഹായത്താലും സുറിയാനി ബൈബിൾ മലയാളത്തിലെക്ക് വിവർത്തനം ചെയ്തു.
ശക്തൻ തമ്പുരാന്റെ സമ്മാനം
അന്തിമഹളൻ കാവ്( അമ്പലം പള്ളി )
_______________________
ഇട്ടുപ്പ് കത്തനാരുടെ ദൈവ ഭക്തിയിൽ പ്രാർത്ഥനാ ജീവിതത്തിലും ആകഷ്ടനായ ശക്തൻ തമ്പുരാൻ, കുന്നംകുളം പട്ടണത്തിൽ തെക്കെ അങ്ങാടിയിലുള്ള അന്തിമഹാളൻ കാവ് എന്നറിയപ്പെട്ടിരുന്ന കൊട്ടാരം വക ക്ഷേത്രം ഒരു പള്ളിയായി ഉപയോഗിക്കുന്നതിന് ഇട്ടുപ്പ് കത്തനാർക്ക് ദാനം നൽകി.ആ ക്ഷേത്രത്തിന് യാതൊരു രൂപവ്യത്യാസവും വരുത്താതെ ഇന്നും അതിൽ നസ്രാണി അരാധന നടന്നുവരുന്നു.
അന്തിമഹാളൻകാവ്, അമ്പലം പള്ളി എന്ന പേരിൽ ഇപ്പൊൾ അറിയപ്പെടുന്നു.
പുലിക്കോട്ടിൽ തിരുമേനി തച്ചുശാസ്ത്ര വിധക്തനും രൂപരേഖ തയാറാകുന്നതിൽ സമർത്ഥനുമായിരുന്നു . അദ്ദേഹം പണികഴിപ്പിച്ചതായ ദേവാലയങ്ങൾ
ചിറളയം പള്ളി
_________
1775 ൽ ചിറളയം പള്ളി പുതുക്കി പണിതതും രൂപരേഖ തയാറാക്കിയതും അദ്ദേഹമാണ്. പഴഞ്ഞിപ്പള്ളിയുടെ മാതൃകയിലാണ് ചിറളയം പള്ളി പണികഴിപ്പിച്ചത്. പഴഞ്ഞിപ്പള്ളിയിൽ നിന്ന് വ്യത്യസ്തമായി പള്ളിയോട് ചേർന്ന് രണ്ട് നിലകളുള്ള ഒരു മാളിക മുറിയും സജ്ജീകരിച്ചു മല്പാൻ പാഠശാലയും ആരംഭിച്ചു.
കുന്നംകുളം പഴയ പള്ളി
_______________
ചിറളയം പള്ളി നിർമ്മാണത്തിലെ മികവും ഏവരുടെയും ആദരവിന് കാരണമായി. 1778 ൽ കുന്നംകുളം പഴയ പള്ളി പുതുക്കിപ്പണിയുവാൻ അദ്ദേഹം ക്ഷണിക്കപ്പെട്ടു. ചിറളയം പള്ളിയുടെ അതെ മാതൃകയിലാണ് പഴയ പള്ളിയും പണികഴിപ്പിച്ചത്. പള്ളിയോട് ചേർന്ന് മദ്ബഹായുടെ തെക്കും വടക്കുമായി ഇരുനില മാളികയും പണികഴിപ്പിച് മല്പാൻപാഠശാലയും ആരംഭിച്ചു. കുരിശ് അകൃതിയിലാണ് അദ്ദേഹം കുന്നംകുളം പഴയ പള്ളി പണികഴിപ്പിച്ചത്.
പുത്തൻകാവ് പള്ളി
______________
1794 ൽ മാർത്തോമ്മാ ആറാമൻ പുത്തൻകാവിൽ ഒരു പള്ളി പണിയുവാൻ തീരുമാനിച്ചു. പള്ളിയുടെ രൂപരേഖ തയാറാക്കിയതിലും പള്ളി പണിക്കും ഇട്ടുപ്പ് കത്തനാർ നേതൃത്വം നൽകി. മലങ്കര മെത്രാപ്പോലീത്തായുടെ ഒരു ആസ്ഥാനം എന്ന ഭാവനയിലാണ് ഇതിന്റെ നിർമ്മിതി.
ചെറായി പള്ളി
_________
1802 ൽ ശക്തൻ തമ്പുരാൻ നസ്രാണികൾക്കായി പണികഴിപ്പിച്ച് നൽകിയ ദേവാലയമാണ് ചെറായി പള്ളി. ഇട്ടുപ്പ് കത്തനാരാണ് പള്ളിയുടെ രൂപരേഖ തയാറാക്കിയതും പള്ളി പണിക്ക് നേതൃത്വം നൽകിയതും. പളളിയിൽ പ്രഥമ ബലി അർപ്പിച്ചതും അദ്ദേഹമാണ്
ആർത്താറ്റ് പള്ളി
____________
ടിപ്പു സുൽത്താന്റെ അക്രമണത്തെ തുടർന്നു തകർക്കപ്പെട്ട ആർത്താറ്റ് പള്ളി അദ്ദേഹം 1807 പുതുക്കി പണിതു. പള്ളിയുടെ രൂപരേഖ തയാറാക്കിയതും അദ്ദേഹതന്നെയാണ്. പള്ളിയുടെ രൂപരേഖ ആരെയും ആകർഷിക്കുന്നതായിരുന്നു.
അന്ന് മലങ്കരയിലെ തന്നെ ഏറ്റവും വലിയ പള്ളിയായി ആർത്താറ്റ് പള്ളി മാറി.
പഴയ സെമിനാരി
__________
കണ്ടനാട് പടിയോലയുടെ തീരുമാന പ്രകാരം 1813 സെമിനാരി പണിയുവാൻ മാർത്തോമാ ഏട്ടാമൻ ഇടുപ്പ് റമ്പനേ നിയമിച്ചു. സെമിനാരിയുടെ രൂപരേഖ തയാറാക്കിയതും സെമിനാരി പണിക്ക് നേതൃത്വം നൽകിയതും ഇദ്ദേഹമാണ്. സുറിയാനി പഠിനത്തിനായി ഒരു പഠിത വീടും മലങ്കര മെത്രാപ്പോലീത്തയുടെ രാജാക്കിയ ആസ്ഥാന വാസതി എന്നാ രീതിയാലാണ് അദ്ദേഹം പഴയ സെമിനാരി രൂപകല്പന ചെയ്തത്. നാലുകെട്ടും നടുമുറ്റവും കുടി ചേർന്ന് മാർത്തോമാ സ്ലീഹായുടെ നാമത്തിൽ ഒരു പള്ളിയും പണികഴിപ്പിച്ചു. സെമിനാരിയിൽ അദ്ദേഹം മിഷനറിമാരുടെ സഹായത്തോടെ ഇംഗ്ലീഷ് പഠനത്തിന് തുടക്കം കുറിച്ച്
പുലിക്കോട്ടിൽ തിരുമേനിയും ആർത്താറ്റ് പള്ളിയും
_______________
മാർത്തോമാ സ്ലീഹായൽ സ്ഥാപിതമായ, തന്റെ സ്വന്തം ഇടവക പള്ളികൂടെയായ ആർത്താറ്റ് പള്ളി പുതുക്കി പണിയുവാനുള്ള ഭാഗ്യം ഇട്ടുപ്പ് കത്തനർക്ക് ലഭിച്ചു. 1789 ടിപ്പു സുൽത്താന്റെ അക്രമണത്തിൽ വിശ്വസികളെ സത്യവിശ്വസത്തിൽ നില നിർത്താനും അക്രമണതിൽ തകർക്കപ്പെട്ട ആർത്താറ്റ് പള്ളി പുതുക്കി പണിയുവാനും അദ്ദേഹത്തിനു സാധിച്ചു. പള്ളിയുടെ ശിൽപ്പി ഇട്ടൂപ്പ് കത്തനാരായിരുന്നു. ആർത്താറ്റ് പള്ളിയുടെ ശിൽപ്പ ചാതുര്യം ഏവരെയും അമ്പരപ്പിക്കുന്നതാണ്. പള്ളിയുടെ നീളം 168 അടിയും (50മീറ്റർ ),53 അടി (16മീറ്റർ ) വീതിയും. 5അടിയാണ് (ഒന്നര മീറ്റർ )ഭിത്തിയുടെ ഘനം. അന്ന് മലങ്കരയിലെ തന്നെ ഏറ്റവും വലിയ പള്ളിയായി ആർത്താറ്റ് പള്ളി മാറി. പണിപൂർത്തികരിച്ചു 1806 ൽ അന്നത്തെ മലങ്കര സഭാ തലവൻ മാർത്തോമാ ആറാമൻ കൂദാശാ ചെയുകയും ചെയ്തു. കൂദാശക്ക് എഴുന്നള്ളി വന്ന തങ്ങളുടെ സഭാ തലവന് ഇടുപ്പ് കത്തനാരുടെ നേതൃത്വത്തിൽ കുന്നംകുളങ്ങര കണ്ടതിൽ വെച്ച് ഏറ്റവും വലിയ രാജകീയ സ്വികരണം നസ്രാണികൾ നൽകി.
ആർത്താറ്റ് പള്ളിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ:
ആർത്താറ്റ് പള്ളി സുറിയാനിക്കാർക്ക്
____________________
കൂനൻകുരിശ് സത്യത്തിനുശേഷം സഭാ രണ്ടായി പിളർന്നപ്പോൾ അതിന്റെ ആഘാതം ആർത്താറ്റ് പള്ളിയിലുമുണ്ടായി.
തർക്കത്തെ തുടർന്ന് അനേകനാൾ പള്ളി പൂട്ടപെട്ടു കിടന്നു. തർക്കത്തെ തുടർന്ന് പള്ളി പൂട്ടിയതിനാലും ടിപ്പു സുൽത്താന്റെ അക്രമണതലും പള്ളി ജീർണവസ്ഥയിലായി ഇട്ടുപ്പ് കത്തനാർ ഈ സങ്കടം കൊച്ചി രാജവായ ശക്തൻ തമ്പുരാനെ അറിയിച്ചതിനെ തുടർന്നു പള്ളിയും വസ്തുക്കളും രണ്ടായി വിഭജിച്ച് നറുക്കിടുന്നതിനു കൽപനയുണ്ടായി. ഇട്ടൂപ്പ് കത്തനാരുടെ ആഗ്രഹത്താലും പ്രാർത്ഥനായാലും ആർത്താറ്റ് പള്ളി സുറിയാനിക്കാർക്ക് ലഭിച്ചു.
ഫലം അറിയിക്കുവാൻ ശക്തൻ തമ്പുരാൻ പള്ളിനടയിലേക്ക് കയറി ചെന്നപ്പോൾ മുട്ടുകുത്തി കണ്ണുനീരൊഴുക്കി പള്ളിക്കകത്തുനിന്ന് പ്രാർഥികുന്ന ഇട്ടൂപ്പ് കത്തനാരെയാണ് രാജാവ് കണ്ടത്. കത്തനാരുടെ ഹൃദയം തകർനുള്ള പ്രാത്ഥനയും കണ്ണുനീരിന്റെ ശക്തിയും കണ്ട് മഹാരാജാവ് അത്ഭുതപ്പെട്ടു.
ഇട്ടുപ്പ് കത്തനാരുടെ പ്രാർത്ഥനയിൽ ദൈവമാതാവിന്റെ അത്ഭുതം
_____________________
ആർത്താറ്റ് പള്ളി പുതുക്കി പണിയുന്നതിനും കുറച്ചു സ്ഥലം കൂടി ആവശ്യമായിരുന്നു. പക്ഷെ ആ സ്ഥലത്ത് ഒരു ക്ഷേത്രമായിരുന്നു. ക്ഷേത്രം നില്ക്കുന്ന സ്ഥലം പള്ളിക്ക് വിട്ടു തരണമെന്നും അതിനു പകരം മറ്റൊരു സ്ഥലം തരാമെന്നും ക്ഷേത്രഭരണാധികാരികളോട് ഇട്ടുപ്പ് കത്തനാർ പറഞ്ഞു. പക്ഷെ അവർ സമ്മതിച്ചില്ല. കത്തനരെ വളരെയധികം വേദനിപ്പിച്ച ഒരു സംഭവമായിരുന്നു അത്. ദിവസവും കണ്ണ്നീരൊഴുക്കി അദ്ദേഹം പ്രാർത്ഥിച്ചു. ദിനരാത്രങ്ങൾ പലതും കടന്നുപോയി.
ഒരു ദിവസം നമസ്കാരത്തിനു ശേഷം
പള്ളിനടയിലെത്തിയപ്പോൾ ക്ഷേത്രത്തിലെ വെളിച്ചപ്പാട് വാളേന്തി പള്ളിനടയിൽ നിന്ന് തുള്ളുന്നു. വെളിച്ചപ്പാട് വിക്കിവിക്കി പറഞ്ഞു.
ങ്ങങ്ങൾ പോകുന്നു. “മാതാവ് ഞങ്ങളെ ശിക്ഷിക്കും ഞങ്ങൾ നശിക്കും”.ഇട്ടുപ്പ് കത്തനാർ ചോദിച്ചു."എങ്ങോട്ട്?" "കല്പിക്കുന്നിടത്തേക്ക് " എന്ന് വെളിച്ചപ്പാട് ഉത്തരം പറഞ്ഞു. ഇട്ടുപ്പ് കത്തനാർ ആർത്താറ്റ് ദേശത്ത് തന്നെ ഒരു സ്ഥലം ക്ഷേത്രത്തിന് വാങ്ങിക്കൊടുത്തു.
ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ആർത്താറ്റു പള്ളിയുടെ പെരുന്നാൾ ദിവസം തന്നെ ആയിരിക്കണം അമ്പലത്തിലെ ഉത്സവവും എന്ന് വെളിച്ചപ്പാട് തുള്ളി പറഞ്ഞു. ആയതിന് പ്രകാരം പെരുന്നാളും ഉത്സവവും ഒരേ ദിവസം നടത്തുന്നു.
പള്ളിയിലെ പെരുന്നാൾ ദിവസം ഉച്ചതിരിഞ്ഞു പ്രദക്ഷിണവും സദ്യയും കഴിഞ്ഞാൽ അമ്പലത്തിൽനിന്നും ഉത്സവഘോഷയാത്ര പള്ളിനടയിൽ വരും . അമ്പലത്തിലെ പൂജാരിക്കു ഒരു പണവും ഒരു കൊട്ട ചോറും പള്ളി വികാരി കൊടുത്തതിനു ശേഷമാണു ഉത്സവഘോഷയാത്ര ക്ഷേത്രത്തിലേക്കു തിരിച്ചുപോവുക. ഇട്ടുപ്പ് കത്തനാരുടെ കാലത്ത് തുടങ്ങിയ ഈ പതിവ് ഇപ്പോഴും തുടന്നുകൊണ്ടിരിക്കുന്നു.
മലങ്കര മെത്രാപ്പോലീത്താ
______________
മാർത്തോമാ ശ്ലിഹായുടെ കാലം മുതൽ 1300 സംവാത്സരത്തോളം മലങ്കര സഭ ഭരിച്ചത് പകലോമാറ്റം കുടുംബത്തിൽ നിന്നുള്ളവർ ആണ്. പകലോമാറ്റം കുടുംബത്തിനു പുറത്തു നിന്നും മലങ്കര സഭാ തലവൻ ആകുന്ന ആദ്യത്തെ പിതാവാണ് പരി പുലിക്കോട്ടിൽ തിരുമേനി
മണക്കുളം മോതിരം
________________
പഴഞ്ഞി പള്ളിയിൽ വെച്ച് പട്ടമേട്ട പുലിക്കോട്ടിൽ ഒന്നാമെൻ മലങ്കര മെത്രാപ്പോലീത്തായ്ക്ക് മണക്കുളം രാജാവ് ഒരു പച്ചക്കല്ലു പതിച്ച സ്വർണ്ണ മോതിരം സമ്മാനിച്ചു.പുലിക്കോട്ടിൽ തിരുമേനിക്ക് ലഭിച്ചതായ ഈ മോതിരം അന്നുമുതല്‍ മലങ്കര മെത്രാന്റെ സ്ഥാന ചിഹ്നങ്ങളില്‍ ഒന്നായി മാറി. പുലിക്കോട്ടിൽ തിരുമേനി മുതൽ ഇന്നത്തെ മാത്യൂസ് തൃതീയൻ മലങ്കര മെത്രാപ്പോലീത്താ വരെയുള്ള എല്ലാ മലങ്കര മെത്രന്മാരും ഈ അംഗുലീയം ആണിഞ്ഞിരുന്നു
1816 നവംബർ 24 ന് അദ്ദേഹം കാലം ചെയ്തു. പഴയ സെമിനാരി ചാപ്പലിന്റെ ഉള്ളിൽ അദ്ദേഹത്തെ കബറടക്കി.
കുന്നംകുളം പഴയ പള്ളി, കുന്നംകുളം പുത്തൻപള്ളിലും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്
യൂയാകിം മാർ കൂറിലോസിന്റെ അനുഭവസാക്ഷ്യം.
_________________
1852 അന്ത്യോഖ്യയിൽ നിന്നും വന്ന യൂയാകിം മാർ കുറിലോസ് കുന്നംകുളം പഴയ പള്ളിയിൽ വന്ന അവസരത്തിൽ പള്ളിയകത്ത് പുലിക്കോട്ടിൽ തിരുമേനിയുടെ സ്മാരക കബറും കബറിടത്തിന്റെ മുമ്പിൽ കുമ്പിടുകയും പ്രാർത്ഥികുകയും ചെയ്യുന്ന വിശ്വസികളെയും കണ്ട് അദ്ദേഹം, പള്ളിയകത്ത് കബറുകൾ പാടില്ലയെന്നും കബറിടത്തിന്റെ മുമ്പിൽ കുമ്പിടുരുതെന്നും ഇദ്ദേഹം ഒരു പരിശുദ്ധനല്ല അത് കൊണ്ട് സ്മാരക കബർ പാടില്ല എന്നും പറഞ്ഞു കബർ തല്ലി പൊളിച്ചു കളഞ്ഞു.
കൂറിലോസ് മെത്രാന്റെ ഈ അനധികൃത കൈയേറ്റത്തിൽ വിശ്വസികൾ അതീവ ദുഃഖിതരായി. തങ്ങളുടെ പരിശുദ്ധന്റെ കബർ പുനസ്ഥാപിക്കാൻ അവർ നിശ്ചയിച്ചു. ആയതിൻപ്രകാരം ഒരു പള്ളി പണിത് അതിൽ കബർ സ്ഥാപിക്കാൻ അവർ തീരുമാനിച്ചു. 1852 വൃശ്ചികം 12-ന് പുലിക്കോട്ടിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിൽ മാർത്തോമ്മാ ശ്ലീഹായുടെ നാമത്തിൽ പുതിയ ദേവാലയത്തിന് (കുന്നംകുളം പുത്തൻ പള്ളി ) പുലിക്കോട്ടിൽ ജോസഫ് കശ്ശീശാ (പിന്നീട് പുലിക്കോട്ടിൽ ദിവന്നാസിയോസ് രണ്ടാമൻ) ശിലാസ്ഥാപനം നിർവഹിച്ചു. യൂയാകിം മാർ കുറിലോസിനോടുള്ള എതിർപ്പ് മൂലം പള്ളിയുടെ ശിലാസ്ഥാപനകർമ്മം നിർവഹിക്കുന്നതിന് ആരും അദ്ദേഹത്തെ ക്ഷണിച്ചില്ല.
പള്ളിപണി പൂർത്തിയായപ്പോൾ വികാരിയച്ചനെ വിളിച്ച് മാർ കൂറിലോസ് പറഞ്ഞു. "നാം തന്നെ പള്ളി ശുദ്ധീകരിച്ച് തിരുശേഷിപ്പ് പ്രതിഷ്ഠിക്കാം" എന്ന് പറഞ്ഞു. അത്ഭുതകരമായ ആ സംഭവവികാസത്തിന്റെ പശ്ചാലം ഇതായിരുന്നു. പുലിക്കോട്ടിൽ തിരുമേനിയുടെ കബറിടം ചവിട്ടിമെതിച്ചതിന്റെ പിറ്റേദിവസം മുതൽ കൂറിലോസ് മെത്രാച്ചൻ രോഗശയ്യയിലായി. അദ്ദേഹത്തിന്റെ രണ്ടു കാലുകളും നീരുവന്നു വീർത്തു. പുലിക്കോട്ടിൽ തിരുമേനിയുടെ കബറിടം പൊളിച്ചതിന്റെ പ്രതികൂലമാണ് എന്ന് കൂറിലോസ് മെത്രാച്ചൻ മനസിലാക്കി. അദ്ദേഹംതന്നെ പുത്തൻ പള്ളി കൂദാശ ചെയ്ത് തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു.
തിരുശേഷിപ്പ് സ്ഥാപനം നടത്തിയ രാത്രിയിൽ, വളരെ ദിനങ്ങൾക്ക് ശേഷം അദ്ദേഹം സുഖമായി ഉറങ്ങി. അടുത്ത ദിവസം വി.കുർബ്ബാനമദ്ധ്യേ അദ്ദേഹം പ്രസ്താവിച്ചു: "നിങ്ങളുടെ മാർ ദീവന്നാസ്യോസ് പരിശുദ്ധനാകുന്നു..."
പുലിക്കോട്ടിൽ തിരുമേനിയുടെ കബർ
________________________
പുലിക്കോട്ടിൽ തിരുമേനിയെ കിടത്തി അടക്കി എന്ന് ആണ് വാദം. ഇത് തികച്ചും വസ്തുത വിരുദ്ധമാണ്. കിടത്തി സംസ്കരിച്ച വിധത്തിലുള്ള ഒരു കബറായത് കൊണ്ടും, 'കാലം ചെയ്ത അച്ചൻ' എന്ന പേരിൽ തിരുമേനി ജന്മനാട്ടിൽ അറിയപ്പെടുന്നതിനാലും തിരുമേനിയെ അടക്കിയത് അച്ചന്മാരെ അടക്കുന്നതുപോലെ കിടത്തി ആകും എന്നുള്ള വിശ്വാസമാണ് ഈ നിഗമനത്തിനു കാരണം.
മലങ്കര സഭയിലെ മേലധ്യക്ഷന്മാരെ കബറടക്കുന്ന രീതിയിൽ തന്നെ ആയിരുന്നു അദ്ദേഹത്തെയും കബക്കിയത്. എന്നാൽ ഈ കബർ കിടത്തി സംസ്കരിച്ച രീതിയിലായിപ്പോയതിനു ഒരു സംഗതിയുണ്ട്. 1825-ൽ മലങ്കരയിൽ വന്ന, മടക്കി അയക്കപ്പെട്ട അന്ത്യോഖ്യൻ മെത്രാനായിരുന്ന അത്താനാസ്യോസ് പഴയ സെമിനാരിയിൽ വരുക്കയും താനാണ് മലങ്കര മെത്രാപ്പോലീത്താ എന്ന് വാദിക്കുകയും കിടങ്ങൻ മാർ പീലക്സിനോസിനെയും , ചേപ്പാട് മാർ ദീവന്നാസ്യോസിനെയും മുടക്കുകയും കിടങ്ങൻ മാർ പീലക്സിനോസിൽ നിന്നും പട്ടമേട്ട പുലിക്കോട്ടിൽ ദീവന്നാസ്യോസിയോസും മുടക്കപ്പെട്ടതാണ് എന്നും പള്ളിയകാത്ത് കബറുകൾ പാടില്ല എന്നുമെല്ലാം പറഞ്ഞു പുലിക്കോട്ടിൽ തിരുമേനിയുടെ കബർ ചവിട്ടിപ്പൊളിച്ചു കളയുകയും ചെയ്തു. പിന്നീട് കബർ പുതുക്കിപണിതപ്പോൾ ഇപ്പൊൾ കാണുംവിധം കിടത്തി സംസ്ക്കരിച്ച നിലയിലായി തിർന്നു.