വൈദേശിക ആധിപത്യത്തിന് എതിരെ ഭാരതത്തിൽ നടത്തപ്പെട്ട ഒന്നാം സ്വാതന്ത്ര്യ സമരം
കൂനൻ കുരിശ് സത്യ സ്മരണാദിനം
1653 ജനുവരി 3 മട്ടാഞ്ചേരി
എഡി 52ൽ മാർത്തോമാ ശ്ലീഹാ നാന്ദി കുറിച്ച മലങ്കരയിലെ നസ്രാണി സഭാ സമൂഹം,1599 വരെയും അതിന്റെ തനിമയോടെ മാർത്തോമ്മയുടെ മാർഗ്ഗത്തിൽ (ക്രിസ്തുമാർഗം) സ്വാതന്ത്ര്യമായി നിലനിന്നുവന്നു.1599ൽ റോമൻ കത്തോലിക്ക സഭയുടെ നേതൃത്വത്തിലും പോർച്ചുഗീസ് പറങ്കിപടയുടെ സ്വാധീനത്തിലും വിളിച്ചുകൂടപ്പെട്ട ഉദയംപേരൂർ സുന്നഹദോസ് വഴി മലങ്കര നസ്രാണികൾ റോമൻ സഭയുടെ അധീശ്വത്തിൻ കീഴിലായി. മലങ്കര സഭയുടെ പുരാതന ചരിത്ര രേഖകളും, പാരമ്പര്യങ്ങൾ രേഖപ്പെടുത്തിയ താളിയോലകളും, ആരാധനാക്രമങ്ങളും അഗ്നിക്കിരയായി. അമ്പതിനാല് വർഷത്തെ ദീർഘമായ പോരാട്ടത്തിനുശേഷം നസ്രാണികൾ തങ്ങളുടെ തലവനായ മലങ്കര മൂപ്പന്റെ (അർക്കദിയാക്കോൻ) നേതൃത്വത്തിൽ വൈദേശിക അടിമനുകം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. മട്ടാഞ്ചേരിയിലെ കുരിശിൽ ആലാത്ത് കെട്ടി നടത്തപെട്ട ഈ വിപ്ലവം കൂനൻകുരിശ് സത്യം എന്നറിയപ്പെടുന്നു. വൈദേശിക ശക്തികൾക്കെതിരെ ഭാരതമണ്ണിൽ നടക്കുന്ന ആദ്യത്തെ സ്വാതന്ത്ര്യ സമരമായി കൂനൻ കുരിശ് സത്യം ചരിത്ര രേഖകളിൽ അറിയപ്പെടുന്നു.