മലങ്കര_സഭ_നടത്തിയത്_അസ്തിത്വം_നിലനിർത്താൻ_ഉള്ള_പോരാട്ടം
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസന അധിപൻ അഭി.ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത
അഭിവന്ദ്യ പിതാവിൻറെ ഫേസ്ബുക്ക് പേജിലാണ് നിലപാട് വ്യക്തമാക്കിയ ഈ തുറന്നെഴുത്ത്... പോസ്റ്റ് ചുവടെ ചേർക്കുന്നു
" പോരാട്ടങ്ങളുടെ ചരിത്രമാണ് മലങ്കര സഭക്ക് എന്നും പറയാനുള്ളത് .. ആളും അർഥവും ഇല്ലാതിരുന്ന കാലത്ത് മലയാളത്തിലെ വി. മാർത്തോമ്മായുടെ സഭക്ക് നേരിടേണ്ടിവന്നത് കൊടിയ പീഡനമായിരുന്നു എന്നതിന് ചരിതം സാക്ഷി ... ഇന്നും അതിന്റെ മുറിവുകൾ ഉണങ്ങിയിട്ടിട്ടില്ല . 16ആം നൂറ്റാണ്ടിൽ പറങ്കികളുടെയും, പോർട്ടുഗീസുകാരുടെയും കോളനിവൽക്കരണത്തിന്റെ പീഡനം ഏറ്റവും കൂടുതൽ അനുഭവിച്ചത് മലങ്കര സഭയാണ്... സമ്പത്തിന്റെ പെരുമയും, അധികാരത്തിന്റെ ഗർവ്വും, വിദേശത്ത് നിന്ന് ലഭിച്ച പിന്തുണയും എല്ലാം കൊണ്ട് ഈ സഭയെ തച്ചു തകർക്കുവാൻ നോക്കിയവർ അത്ര നിസാരക്കാർ ആയിരുന്നില്ല ... അത് പല ദിക്കുകയിൽ നിന്ന് ആയിരുന്നു എങ്കിലും എല്ലാവരുടെയും ഉദ്ദേശം ഒന്ന് തന്നെ ആയിരുന്നു .. എന്നാൽ മലങ്കര സഭ നയിച്ച പോരാട്ടം കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ എന്നതിന് വേണ്ടി ആയിരുന്നില്ല മറിച്ച് സഭയുടെ അസ്തിത്വം നിലനിർത്താൻ ഉള്ള പോരാട്ടം ആയിരുന്നു .... മലങ്കര സഭയ്ക്ക് നേരെ വന്ന എല്ലാ പിന്തിരിപ്പൻ ശക്തികൾക്കും മുമ്പിൽ നിന്നുകൊണ്ട് " കടക്ക് പുറത്ത് എന്ന് പറയുവാൻ മലങ്കര സഭ അന്നേ ആർജ്ജവം കാട്ടിയിരുന്നു " പരിശുദ്ധ വട്ടശ്ശേരി തിരുമേനി മുതലുള്ള എല്ലാ പിതാക്കന്മാരും ഈ നാടിൻറെ നിയമവ്യവസ്ഥകൾ അനുസരിച്ച് മാത്രമാണ് പ്രവർത്തിച്ചിട്ടുള്ളത്... മലങ്കര സഭയ്ക്ക് ലഭിച്ചിട്ടുള്ള റോയൽ കോട്ട് വിധികൾ തുടങ്ങി ഇങ്ങു സുപ്രീംകോടതി വിധി വരെ അനുകൂലമായി ലഭിച്ചതും ഈ വിശുദ്ധ സഭ ഇവിടുത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് വിധേയപ്പെട്ട് പ്രവർത്തിക്കുന്നു എന്നതിൻറെ വ്യക്തമായ ദൃഷ്ടാന്തമാണ്... ഇപ്പോൾ വിഴിഞ്ഞം സംഭവം നമുക്ക് വളരെ പരിചയമാണ്.. ഒരു കീഴ് കോടതി വിധി വന്ന ഉടൻ തന്നെ ബഹുമാനപ്പെട്ട സർക്കാർ എല്ലാ സന്നാഹവുമായി ചെന്ന് ആ വിധി നടപ്പാക്കുവാൻ കാണിച്ച തിരക്കും, ശുഷ്കാന്തിയും കണ്ട് വല്ലാതെ അതിശയിച്ചു പോയി. ... കാരണം മലങ്കര സഭയ്ക്ക് ലഭിച്ച സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാൻ മുട്ടുന്യായങ്ങൾ പറയുമ്പോൾ തന്നെയാണ് ഇവിടെ ഒരുവശത്ത് ഒരു കീഴിൽ കോടതി വിധി നടപ്പാക്കുവാൻ ഇത്രമാത്രം ഉത്സാഹം കാണിക്കുന്നത്... ഈ ഇരുട്ടത്താപ്പ് എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാവും... അവിടെ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഒന്നും സർക്കാരിനെ ലെവലേശം പിന്നോട്ട് മാറ്റുന്നില്ല എന്നു മാത്രമല്ല അത്തരം പ്രതിസന്ധികളെയും പ്രശ്നങ്ങളെയും എന്തുവിലകൊടുത്തും നേരിടുവാൻ സർക്കാർ സജ്ജമായി എന്നതാണ് വാർത്തകളിൽ നിന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നത്.. ഇതിൻറെ പകുതി ഇച്ഛാശക്തി ഉണ്ടെങ്കിൽ മലങ്കര സഭ തർക്കം ഇവിടെ എന്നേക്കുമായി പര്യവസാനിക്കും ആയിരുന്നു... ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന കള്ളനാണയങ്ങൾ ആരാണെന്ന് ഇവിടെ വെളിപ്പെടുകയാണ്... മലങ്കര സഭ ജനാധിപത്യവും എപ്പിസ്കോപ്പസിയും ഒരുപോലെ സമ്മേളിക്കുന്ന ശ്രേഷ്ഠമായ ഭരണഘടനയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സഭയാണെന്ന് ഒരിക്കൽക്കൂടി പറയട്ടെ...
ഭാഗ്യവാനും, പരിശുദ്ധനയുമായ പരി. ബസേലിയോസ് മാർത്തോമാ പൗലോസ് രണ്ടാമൻ ബാവായുടെ വാക്കുകൾ കടമെടുത്താൽ , രാഷ്രിമായി ഈ സഭയെ പ്രതിരോധിക്കുവാനോ, മറ്റു ഏതെങ്കിലും തരത്തിൽ ഈ സഭയെ സഹായിക്കുവാനോ ആരും ഉണ്ടായിരുന്നില്ല... കൂടെ നിൽക്കുന്നു എന്ന് കരുതിയവർ പോലും കുതികാൽ ചവിട്ടുന്ന അവസ്ഥയാണ് വി. സഭ നേരിട്ടത്. മുകളിലേക്ക് നോക്കി " ഞങ്ങളുടെ സഹായം ആകാശവും, ഭൂമിയും ഉണ്ടാക്കിയ ദൈവത്തിൽ നിന്ന് വരുന്നു എന്ന് പ്രാത്ഥിച്ചു ഈ സഭയെ ധീരമായി നയിച്ച സഭ സ്നേഹികളുടെ അധ്വാനം ആണ് ഇന്ന് ഈ സഭ അനുഭവിക്കുന്ന സ്വാതത്ര്യം... അല്ലാതെ മറ്റ് ഒന്നും ഈ സഭക്ക് ലഭിച്ചില്ല .. ഇന്നും അതിന് വലിയ മാറ്റം ഉണ്ടായി എന്ന് തോന്നുന്നില്ല ..ഈ സഭയുടെ പഴയ പള്ളികൾ ഉൾപ്പടെ പിടിച്ചെടുത്ത് , അധികാരത്തിന്റെയും സമ്പത്തിന്റെയും ധാരാളിത്തത്തിൽ , വിദേശ മേല്കോയിമയുടെ ഹുങ്കിൽ പിടിച്ചടക്കി നിരലംബരായി ഇറക്കി വിടുമ്പോൾ മൂളം കൂട്ട് പോലും വെക്കുവാൻ കഴിയാത്ത ഒരു സമൂഹം ഇവിടെ അനാഥരായി പോകും എന്ന് വിചാരിച്ചു .. ഈ സഭയെ ദൈവം കൈവിട്ടില്ല ..ബഹു. സുപ്രിം കോടതി വിധിക്കു ശേഷം മലങ്കര സഭ തർക്കം എന്നേക്കുമായി തീർപ്പു കല്പിച്ചപ്പോൾ അത് ഒഴിവാക്കുവാൻ നിരവധി ശ്രമങ്ങൾ പല ദിക്കുകയിൽ നിന്നും ഉണ്ടായി .. സഹായ ഹസ്തവുമായി തെക്ക് പാറശാല മുതൽ വടക്ക് കാസർകോട് വരെ ' മധ്യസ്ഥൻമാരുടെ ' വലിയ നിര തന്നെ ഉണ്ടായിരുന്നു ... എന്നാൽ ഇത് ' മലങ്കര സഭക്ക് മാത്രം ' ലഭിച്ച സഹായ വാഗ്‌ദനം ആയിരുന്നുവോ ? എന്ന് ഈ അടുത്ത ദിവസങ്ങളിൽ വന്ന വാർത്തകൾ കാണുമ്പൊൾ ചിന്തിച്ചു പോകുന്നു... എറണാകുളത്ത് ഭൂരിപക്ഷം നോക്കി ക്രിസ്തീയ സാക്ഷ്യത്തിന് നിരക്കുന്ന വിധത്തിൽ പ്രശ്നം പരിഹരിക്കുവാൻ ആരും ഇപ്പോൾ താൽപര്യപ്പെടുന്നില്ല... സത്യത്തിൽ ഒരു വിഭാഗം പരി. മാർപാപ്പയെ അർപ്പിക്കുന്ന രീതിയിൽ ജനാഭിമുഖമായി വിശുദ്ധ കുർബാന അർപ്പിക്കുവാൻ താല്പര്യപ്പെടുമ്പോൾ മറ്റൊരു വിഭാഗം പാരമ്പര്യമായി വിശുദ്ധ കുർബാന അർപ്പിക്കുവാൻ ആഗ്രഹിക്കുന്നു... ഈ രണ്ട് രീതിയും നിലനിൽക്കുന്നതിനാൽ ജനഹിതം പരിശോധിച്ച് ഭൂരിപക്ഷം അഭിപ്രായമനുസരിച്ച് തീരുമാനമെടുക്കുവാൻ ക്രൈസ്തവ നേതാക്കന്മാർ മുമ്പിട്ട് ഇറങ്ങേണ്ടതാണ്... ക്രൈസ്തവ സാക്ഷ്യം എന്നത് മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് മാത്രം ബാധകമായ ഒന്നല്ലല്ലോ ... അത് കാത്തുസൂക്ഷിക്കുവാൻ എല്ലാ സഭകൾക്കും ഉത്തരവാദിത്വമുണ്ട് എന്ന് ഓർപ്പിക്കട്ടെ.... മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഒരു ദേശീയ സഭയാണ് .. അതുകൊണ്ടുതന്നെ ഈ ദേശത്തിന്റെ നിയമവ്യവസ്ഥകൾക്കനുസരിച്ച് അതിൻറെ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുവാൻ ഈസഭയ്ക്ക് അവകാശമുണ്ട്... ഇവിടുത്തെ നിയമവ്യവസ്ഥ വിട്ട് ഒന്നും ചെയ്യുവാൻ സഭ ആഗ്രഹിച്ചിട്ടില്ല ...ഇന്നുവരെ അങ്ങനെ ഒരു പാരമ്പര്യവും ഈ സഭയ്ക്ക് ഉണ്ടായിട്ടില്ല... മലങ്കര സഭാ തക്കത്തിൽ മധ്യസ്ഥത വഹിക്കുവാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന നേതാക്കന്മാരും പിതാക്കന്മാരും ഇത്തരം സാഹചര്യങ്ങളിൽ പുനർവിചിന്തനം നടത്തേണ്ടത് അനിവാര്യമാണ്... ഇത് ആരോടെങ്കിലുമുള്ള വൈരാഗ്യത്തിൽ പറയുന്നതാണ് എന്ന് കരുതരുത്... മലങ്കര സഭയ്ക്ക് എല്ലാവരോടും സ്നേഹവും സൗഹൃദവും മാത്രമേ ഉള്ളൂ.. ഈ സഭയെ സഹായിച്ചവരോട് മലങ്കര സഭ എന്നും കടപ്പെട്ടിരിക്കും... എന്നാൽ അതിൻറെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള നടപടി ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അതിനെ ശക്തമായി പ്രതിരോധിക്കുവാനുള്ള ഉത്തരവാദിത്വവും ഈസഭയ്ക്ക് ഉണ്ട് എന്ന് വിനയത്തോടെ ഓർപ്പിക്കട്ടെ... മലങ്കര സഭ ഒന്നാണ് അതിനെ വെട്ടി മുറിക്കുവാൻ സഭ ആഗ്രഹിക്കുന്നില്ല... ഒന്നായി നിൽക്കുന്നതിന്റെ ശക്തിയെ തിരിച്ചറിയുന്നവർ അത് രണ്ടായി കാണുവാൻ ആഗ്രഹിച്ച് ചക്കര വാക്കും മുഖസ്തുതിയും പറഞ്ഞു അടുത്തു വരുമ്പോൾ അത് തിരിച്ചറിയുവാനും സഭാ മക്കൾക്ക് കഴിയണം... കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യങ്ങൾ ആ വലിയ തിരിച്ചറിവിന് നമ്മെ സഹായിക്കും
ചില പോരാട്ടങ്ങൾ മാധ്യമ ശ്രദ്ധ നേടുമ്പോൾ ശ്രഷ്ഠമായ ആരാധനയും, പാരമ്പര്യവും ഉള്ള ഈ വി. സഭ കൂനൻ കുരിശ് മുതൽ ഇങ്ങോട്ട് നടന്നുവന്ന എല്ലാ പോരാട്ടളെയും അതിൽ ജീവൻ കൊടുത്തും പോരാടിയ പൂർവ്വ സൂരികളെയും ആദരവോടെ സ്‌മരിക്കാതെ തരമില്ല ...
വി.സഭയെ ദൈവം വഴിനടത്തട്ടെ"
സ്നേഹത്തോടെ
ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത