News

News പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 59-ാം ഓർമ്മ

പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തെ അലങ്കരിച്ച പതിനാറാം മലങ്കര മെത്രാപ്പോലീത്തായും മലങ്കരയിലെ മൂന്നാം പൗരസ്ത്യ കാതോലിക്കായുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 59-ാം ഓർമ്മ (His Holiness Baselios Geevarghese II- 16th Malankara Metropolitan & 3rd Catholicos of the East in Malankara) കബറിടം: പൗരസ്ത്യ കാതോലിക്കേറ്റിന്റെ ആസ്ഥാനവും പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും ഔദ്യോഗിക വസതിയായ ദേവലോകം അരമന⛪ പരിശുദ്ധ പിതാവിൻ്റെ ജീവിത രേഖ: കോട്ടയത്തിനടുത്ത് കുറിച്ചി കല്ലാശ്ശേരി കുടുംബത്തിൽ ഉലഹന്നാന്റെയും, ആച്ചിയമ്മയുടെയും മകനായി 1874 ജൂൺ 16-ന് ജനിച്ചു. കടവിൽ പൗലോസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായിൽ നിന്നും ശെമ്മാശപട്ടവും 1898 നവംബർ 26-ന് മലങ്കര സഭയുടെ മഹാ പരിശുദ്ധനായ പരി. പരുമല മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായിൽ നിന്ന് കശ്ശീശാ പട്ടവും നവംബർ 29-ന്‌ റമ്പാൻ സ്ഥാനവും സ്വീകരിച്ചു. പരുമല തിരുമേനിയുടെ കല്പനപ്രകാരം കടമ്പനാട് പള്ളിയിൽ താമസിച്ച് തെക്കൻ ഭദ്രാസനങ്ങളുടെ ചുമതല വഹിച്ചു. പഴയ സെമിനാരി മാനേജരായും സെമിനാരി മല്പാനായും പ്രവർത്തിച്ചു. സഹദേന്മാരുടെ ചരിത്രം, രഹസ്യപ്രാർത്ഥനകൾ, പറുദൈസാ, മാർ യൂഹാനോൻ മാംദാനായുടെ ചരിത്രം തുടങ്ങി ഒമ്പതു ഗ്രന്ഥങ്ങൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. 1912 സെപ്റ്റംബർ 10-ന് പരി.അബ്ദേദ് മശിഹാ പാത്രിയർക്കീസ് പരുമല സെമിനാരിയിൽ വച്ച് അദ്ദേഹത്തെ ഗീവറുഗീസ് മാർ ഗ്രീഗോറിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തായായി വാഴിച്ചു. തുമ്പമൺ ,നിരണം, കൊല്ലം എന്നി ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായി നിയമിതനായി. മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരിൽ ഗീവറുഗീസ് മാർ ദീവന്നാസിയോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ 1929 ഫെബ്രുവരി 15-ന് കിഴക്കിന്റെ പൗരസ്ത്യ കാതോലിക്കായായി വാഴിച്ചു. 1934 ഡിസംബർ 28 ന് കോട്ടയം എം.ഡി.സെമിനാരിയിൽ ചേർന്ന മലങ്കര അസോസ്സിയേഷൻ പരി .ബാവയെ മലങ്കര മെത്രാപ്പോലീത്തായായി തിരഞ്ഞെടുത്തു.ഈ അസോസ്സിയേഷനിൽ വച്ച് ഇപ്പോൾ നിലവിലിരിക്കുന്ന ഭരണഘടന അംഗീകരിച്ചു. പ്രശ്ന സങ്കീർണ്ണമായ കാലഘട്ടത്തിൽ ദൈവത്തിൽ നിന്നാർജ്ജിച്ച ശക്തി കൊണ്ട് മലങ്കര സഭയെ സധൈര്യം നയിച്ച് സഭയുടെ ബഹുമുഖമായ വളർച്ചയ്ക്കും നവോത്ഥാനത്തിനുമായി 30 വർഷം സുധീരമായ നേതൃത്വം നൽകി. 1908-ൽ യെറുശലേമിലും, 1934-ൽ സിറിയായിലും, സന്ദർശനം നടത്തി. പരി. ബാവ തിരുമേനിയുടെ കാലഘട്ടത്തിൽ എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സെലാസി, സൈപ്രസ് പാത്രിയർക്കീസ് മക്കാറിയോസ്, അർമ്മീനിയൻ പാത്രിയർക്കീസ് വസ്ക്കൻ തുടങ്ങിയ വിദേശ സഭാമേലദ്ധ്യക്ഷന്മാർ മലങ്കര സഭ സന്ദർശിച്ചു. സമുദായ കേസിലുണ്ടായ പരാജയം വിജയത്തിന്റെ മുന്നോടിയാണ് എന്നും എന്തൊക്കെ അഗ്നിപരീക്ഷണങ്ങൾ നേരിട്ടാലും മാർത്തോമ്മാശ്ലീഹായുടെ പൗരസ്ത്യ കാതോലിക്കാ സിംഹാസനത്തിൻകീഴിൽ ഞങ്ങളും ഞങ്ങളുടെ സന്തതിപരമ്പരകളും ലോകാവസാനത്തോളം ഭക്തിപൂർവ്വം നിലകൊള്ളുന്നതാണെന്ന് ദൈവതിരുമുമ്പാകെ പ്രതിജ്ഞ ചെയ്യുന്നു എന്ന് കോട്ടയം എം.ഡി.സെമിനാരിയിൽ ചേർന്ന മഹാസമ്മേളനത്തിൽ വച്ച് പതിനായിരകണക്കിനാളുകളോടൊപ്പം പ്രഖ്യാപിച്ചു.12 മെത്രാപ്പോലീത്താമാരെ വാഴിക്കുകയും ആയിരത്തിൽപ്പരം പട്ടക്കാർക്കും ശെമ്മാശന്മാർക്കും പട്ടം നൽക്കുകയും ചെയ്ത പരി. ബാവ അനവധി പള്ളികൾ സ്ഥാപിച്ച് കൂദാശ നടത്തി.1931- ലും 1950-ലും വി.മൂറോൻ കൂദാശ പഴയ സെമിനാരിയിൽ വച്ച് നടത്തി.1947 നവംബർ 2-ന് പരുമല മാർ ഗ്രീഗോറിയോസിനേയും, യൽദോ മാർ ബസ്സേലിയോസിനേയും പരിശുദ്ധന്മാരായി പ്രഖ്യാപിച്ചു. മലങ്കരസഭാ ചരിത്രത്തിൽ പ്രോജ്ജ്വലിച്ചിരുന്ന ക്രാന്തദർശിയായിരുന്നു പരി. ബാവ തിരുമേനി 1964 ജനുവരി 3-ന് ദേവലോകം അരമനയിൽ വച്ച് കാലം ചെയ്തു. ഭൗതീകദേഹം ദേവലോകം അരമനചാപ്പലിനു സമീപമുള്ള കബറിടത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു.

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.