News

News "ദൈവപ്രസവിത്രി കന്യക മറിയാമി- ന്നുയരുന്നോയാറില്‍ സുഖ പരിമള ധൂപം

"മറിയാമിന് സ്മരണം വരദായകമാക
തല് പ്രാര്ത്ഥന ഞങ്ങള്ക്കാത്മാവിനു കോട്ട"

ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്റെ വാങ്ങിപ്പ് പെരുന്നാള് ശൂനോയോ പെരുന്നാള് എന്ന് അറിയപ്പെടുന്നു. പെരുന്നാളിന് മുന്നോടിയായി ആഗസ്റ്റ്‌ മാസം ഒന്ന് മുതല് പതിനഞ്ചു വരെ പതിനഞ്ചു ദിവസത്തെ നോമ്പാചരണമാണ് പരിശുദ്ധ സഭ കല്പിച്ച് നൽകിയ ശൂനോയോ നോമ്പ്.

വചനം മനുഷ്യനായി അവതരിക്കുമെന്ന പഴയനിയമ തിരുവെഴുത്ത്, പുതിയനിയമത്തില് ലോകരക്ഷകനായ ദൈവപുത്രന്റെ മാതാവായി തിരഞ്ഞെടുക്കുക വഴിപൂര്ത്തിയാക്കപ്പെടുകയായിരുന്നു. വചനം ജഡമായി കന്യകയായ മറിയാമിന്റെ ഉദരത്തില് രൂപം കൊള്ളുന്നതിനു കാരണമായ ദൈവകല്പ്പനയ്ക്ക് വിധേയപ്പെടല്, കര്ത്താവിന്റെ എളിയ ദാസിയായി സ്വയം വിശേഷിപ്പിക്കുക വഴി പരിശുദ്ധ ദൈവമാതാവിന്റെ സ്ഥാനം അതുല്യമായ 'സര്വ്വഗുണസമ്പന്ന' എന്ന ശ്രേണിയിലേക്ക് ചേര്ക്കപ്പെടുന്നു. താന് ദൈവപുത്രന്റെ മാതാവ് എന്ന തിരിച്ചറിയലോടെയുള്ള ജീവിതം കാല്വറിയിലെ കുരിശിനു താഴെ ദൈവപുത്രന് പീഢകള് ഏറ്റു പിടയുന്ന അവസരത്തിലും മറിയാം തന്റെ ഹൃദയത്തിലെ നോമ്പരത്തോടൊപ്പം പങ്കുവെയ്ക്കുകയാണ് ചെയ്യുന്നത്. തന്റെ അനുസരണം, എളിമ, ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം എന്നിവയില് കൂടി മാനവരാശിയുടെ മാതാവായി വിശുദ്ധ കന്യകമറിയാം ഉയര്ത്തപ്പെടുന്നു.

https://qrgo.page.link/Pe76L

ആദ്യമാതാവായ ഹവ്വ അനുസരണക്കേടിലൂടെ ചെയ്ത ബന്ധനത്തെ മറിയാം പൂര്ണ്ണ സമര്പ്പണത്തോടെയുള്ള അനുസരണം വഴി അഴിക്കുകയാണ് ചെയ്യുന്നത്. "യേശുവോ ജ്ഞാനത്തിലും വളര്ച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടേയും കൃപയിലും മുതിര്ന്നുവന്നു" എന്ന് വി.ലൂക്കോസ് (2:52) സാക്ഷിക്കുമ്പോള് മാനുഷിക കൃപയുടെ ഉറവിടമായ മാതാവിന്റെ ഇടപെടല് എത്രമാത്രം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. ദൈവികപദ്ധതിയ്ക്ക് അനുരൂപപ്പെട്ടുകൊണ്ട്, തന്നില് നിന്നു ജഡം സ്വീകരിച്ച ദൈവപുത്രനെ കൊടിയ വേദനകള് ഹൃദയത്തില് സഹിച്ചുകൊണ്ടാണെങ്കിലും, ലോകരക്ഷാര്ത്ഥം യാഗമായി അര്പ്പിക്കപ്പെടുവാന് വിട്ടുകൊടുക്കുന്നതിന്, മനസ്സാ തയ്യാറെടുക്കുന്ന മാതാവ് എത്രമാത്രം വിശുദ്ധയാണ് എന്ന് ചിന്തിക്കുക.

എളിമയും സൗമ്യതയും മൂലം ഈ ലോകത്തെ മാത്രമല്ല സ്വർഗ്ഗത്തെയും അത്ഭുതപ്പെടുത്തിയ, കീഴ്‌പ്പെടുത്തിയ, പരിശുദ്ധ കന്യകാമറിയത്തിനു തുല്യം മനുഷ്യകുലത്തില് ആരുമില്ല എന്ന് പറയാം. കാരണം, സർവ്വചരാചരങ്ങളുടെയും സൃഷ്ടാവായ ദൈവം തമ്പുരാന് ലോകരക്ഷാര്ത്ഥം മനുഷ്യാവതാരം ചെയ്തതു മറിയത്തിന്റെ, ആ നിര്മ്മല കന്യകയുടെ ഉദരത്തിലാണ്. അങ്ങനെ ദൈവത്തിന്റെ വചനമായ പുത്രൻ തമ്പുരാനെ പുരുഷസ്പർശം കൂടാതെ, പരിശുദ്ധാത്മ ശക്തിയാൽ, കന്യാമുദ്രയ്ക്ക് ഭംഗമില്ലാതെ പ്രസവിച്ച പരമപരിശുദ്ധയായ കന്യകയാണു നമ്മുടെ വിശുദ്ധ കന്യകമറിയാം. ഈ അത്യത്ഭുതകരമായ ദിവ്യ അവതാരരഹസ്യം മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്കും വീണ്ടെടുപ്പിനുമായി സംഭവിക്കുമെന്നു നൂറ്റാണ്ടുകള്ക്ക് മുമ്പ് പ്രവാചകന്മാര് മുന്നറിയിച്ചതാണ് കന്യകാമറിയാമില് കൂടി നിവൃത്തിയായത്.

https://qrgo.page.link/Pe76L

വി.ദൈവ മാതാവിന്റെ മരണത്തെ കുറിച്ചും വാങ്ങിപ്പിനെ കുറിച്ചും വി. വേദപുസ്തകത്തില് എങ്ങും രേഖപെടുത്തിയിട്ടില്ല.വാങ്ങിപ്പിനെ കുറിച്ച് ഏറെയും രേഖപെടുത്തിയിരിക്കുന്നത് അപ്പോക്രിഫല് ലിഖിതങ്ങളിലാണ്.അവയില് പ്രധാനമായ ഒന്ന് ഇന്ത്യയുടെ അപ്പോസ്തോലനായ മാർതോമാശ്ലീഹായുമായി ബന്ധപ്പെട്ടതാണ്. ദൈവമാതാവിന്റെ മരണ വാര്ത്ത അറിഞ്ഞ് വിശുദ്ധ നാട്ടിലേക്ക് തോമശ്ലീഹ ഇന്ത്യയില് നിന്നും പുറപ്പെട്ടു, എങ്കിലും വൈകി എത്തിയതുമൂലം മാതാവിന്റെ ശവസംസ്കാരത്തില് സംബന്ധിക്കുവാന് സാധിച്ചില്ല.സ്ഥലത്ത് എത്തിയപ്പോഴേക്കും മാതാവിന്റെ മൃതശരീരവുമായി മാലാഖമാര് സ്വര്ഗ്ഗയാത്ര ചെയ്യുകയായിരുന്നു. വൈകി വന്ന തോമ ശ്ലീഹാക്ക് മാതാവിന്റെ ഇടക്കെട്ടും കൈലേസും ലഭിച്ചു. അവയുമായി ശ്ലീഹന്മാരെ സന്ദര്ശിച്ചപ്പോള് അവര് മാതാവിന്റെ സ്വര്ഗ്ഗാരോഹണം വിശ്വസിച്ചു എന്നുമാണ് ചരിത്ര വിശ്വാസം.

മറിയം സ്വാഭാവിക മരണമടഞ്ഞു യെരുശലേമില് ഒലിവ് മലയുടെ അടിവാരത്തിലുള്ള ഒരു കല്ലറയില് സംസ്കരിച്ചു എന്നാണു വിശ്വാസം. അതുകൊണ്ട് തന്നെ വാങ്ങിപ്പ് പെരുനാളിന്റെ ഉല്ഭവം യെരുശലേം ആണെന്ന് ചരിത്ര താളുകള് നമ്മുക്ക് സാക്ഷ്യം നല്കുന്നു. AD 431 ലെ എഫേസൂസ് സുന്നഹദോസില് വച്ചാണ് മറിയം ദൈവമാതാവെന്നു പ്രഖ്യാപിച്ചത്. ജൂണ് 15 നു സഭ മാതാവിന്റെ പ്രതിഷ്ഠ പെരുന്നാള് ആഘോഷിക്കുന്നത് മറിയം ദൈവമാതാവെന്നു പ്രഖ്യാപിച്ച ശേഷം മാതാവിന്റെ പേരില് ദേവാലയം സ്ഥാപിതമായതിന്റെ സ്മരണ നില നിർത്താനാണ്. A.D 434 ല് യെരുശേലെമിലെ പാരമ്പര്യത്തെ അടിസ്ഥാനമാക്കി ക്രോഡീകരിച്ച അർമ്മീനിയൻ വേദ വായന ക്രമത്തില് ഓഗസ്റ്റ്‌ 15 "ദൈവമാതാവായ മറിയാമിന്റെ" പെരുനാളായി ആചരിക്കണമെന്ന് നിഷ്കര്ഷിച്ചിരുന്നു. A.D 600 നോട് അടുത്ത് മൌരിസ്‌ ചക്രവര്ത്തി ഒരു വിളംബരത്തിലൂടെ ഈ പെരുന്നാള് ആചരിക്കണം എന്ന് അനുശാസിച്ചതിനെ തുടര്ന്ന് വാങ്ങിപ്പ് പെരുന്നാളിന് പരക്കെ അംഗീകാരം ലഭിച്ചു.

വിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥത ഈ ശൂനോയോ പെരുന്നാളിലൂടെ നമുക്ക് ഓരോരുത്തര്ക്കും അനുഗ്രഹവും ആശ്വാസവുമായി ഭവിക്കട്ടെ.

"ദൈവപ്രസവിത്രി കന്യക മറിയാമി-
ന്നുയരുന്നോയാറില് സുഖ പരിമള ധൂപം"
ഇന്ത്യന് ഓര്ത്തോഡോക്സ് സഭ മീഡിയാ വിംഗ്

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.