News

News ദനഹ പെരുന്നാൾ

ദനഹാ പെരുന്നാൾ ജനുവരി 6 കർത്താവിന്റെ മാമോദീസാ സ്വീകരണത്തിന്റെ ഓർമ്മ കൊണ്ടാടുന്നു. വി.യോഹന്നാൻ സ്നാപകന്റെ അടുത്ത് 30-ാം വയസ്സിൽ തന്റെ പരസ്യശ്രൂഷയുടെ ആരംഭമായി കർത്താവ് മാമോദീസാ ഏൽക്കുന്നു. ദനഹാ എന്നാൽ "ഉദയം" അഥവാ "വെളിപ്പെടുത്തൽ" എന്നാണർത്ഥം. പരസ്യ ശുശ്രൂഷയിൽ ആരംഭത്തിൽ, കർത്താവ് ദൈവപുത്രനാകുന്നു എന്ന് സർവ്വ ലോകത്തിനും തന്നെത്തന്നെ വെളിപ്പെടുത്തുന്നതിനാലാണ് ദനഹാ എന്ന പേരു ലഭിക്കുന്നത്. യോഹന്നാന്റെ മാമോദീസ പാപമോചനത്തിന്റേതായിരുന്നല്ലോ.പാപമില്ലാത്തവനായിരുന്ന മശിഹായ്ക്ക് മാമോദിസയുടെ ആവശ്യമെന്തായിരുന്നു എന്ന ചോദ്യം ആദ്യം മുതലേ പിതാക്കന്മാർ അഭിമുഖീകരിച്ചിരുന്നു. കർത്താവ് മാമോദീസാ ഏറ്റത് ലോകത്തിലെ സർവ്വ ജലത്തെയും ശുദ്ധീകരിക്കുവാൻ വേണ്ടിയായിരുന്നു എന്ന ആശയം ദനഹായുടെ ക്രമത്തിൽ മുഴച്ചു നിൽക്കുന്നു.കർത്താവ് വെള്ളത്തിൽ ഇറങ്ങിയപ്പോൾ , ആദാം പറുദീസയിൽ വച്ച് നഷ്ടപ്പെടുത്തിയ മഹത്വത്തിന്റെ വസ്ത്രം ജലത്തിനു നൽകുകയായിരുന്നു.തന്റെ പിന്നാലെ വെള്ളത്തിൽ ഇറങ്ങുന്ന സകല വിശ്വാസികൾക്കും അത് അവിടെ നിന്ന് ലഭിക്കുന്നതിന് വേണ്ടിയാണ് കർത്താവ് ആദ്യം മാമോദീസാ ഏറ്റത്.ഓരോ വിശ്വാസിയും മാമോദീസ ഏൽക്കുമ്പോൾ അവൻ ക്രിസ്തുവിന്റെ സ്നാനത്തിൽ പങ്കാളിയാവുകയാണ് എന്ന ആശയവും സുറിയാനി പിതാക്കന്മാർ പഠിപ്പിക്കുന്നു. ഓർത്തഡോക്സ് പാരമ്പര്യത്തിൽ എല്ലാം ഈ പെരുന്നാളിനോട് അനുബന്ധിച്ച് വെള്ളം വാഴ്ത്തുന്നുണ്ട്. കർത്താവ് തന്റെ സ്നാനത്താൽ ലോകത്തിലെ സകല ജലത്തെയും വാഴ്ത്തിയതിന്റെ പ്രതീകമായാണ് ഇപ്രകാരം ചെയ്യുന്നത്. വെള്ളം വാഴ്‌വിന്റെ ആദ്യഭാഗത്ത് ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിന്റെ വായിൽ ഒരു കുരിശുവച്ച് ശോശപ്പ കൊണ്ട് അത് മൂടി,പാത്രവും വഹിച്ചുകൊണ്ട് പ്രദക്ഷിണം നടത്തുന്നു.പിന്നീട് പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന, എനിയോനോ, പ്രുമിയോൻ സെദ്‌റാ, ഏവൻഗേലിയോൻ, മുതലായവയ്ക്കു ശേഷം,വി.കുർബാനയിയിലെപ്പോലെ പ്രാർത്ഥനകൾ ചൊല്ലി വെള്ളം വാഴ്ത്തുന്നു. അവസാനം വെള്ളം സ്ലീബായോടുകൂടി ആഘോഷിക്കുന്നു. പിന്നീട് വി.കുർബാന പൂർത്തീകരിച്ച ശേഷം വാഴ്ത്തപ്പെട്ട വെള്ളം എല്ലാവരും കുടിച്ച് പിരിയുന്നു.

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.