News

News ചേപ്പാട് സംഭവം മതവിശ്വാസത്തിന് നേരെയുള്ള ബുൾഡോസർരാജ്

ചേപ്പാട് സംഭവം മതവിശ്വാസത്തിന് നേരെയുള്ള ബുൾഡോസർരാജ്

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അതിപുരാതനവും കേന്ദ്ര പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതുമായ ദേവാലയമാണ് മാവേലിക്കര ഭദ്രാസനത്തിലെ ചേപ്പാട് സെന്റ് ജോർജ് വലിയ പള്ളി. 1000 വർഷത്തിലധികം പഴക്കമുള്ള പള്ളിയും വിശുദ്ധ മദ്ബഹായിലെ ചുവർ ചിത്രങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കേന്ദ്ര പുരാവസ്തു ​ഗവേഷണകേന്ദ്രം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മലങ്കരസഭാ വിശ്വാസികൾ മാത്രമല്ല, നാനാജാതി മതസ്ഥരായ മനുഷ്യരുടെ പ്രാർത്ഥനാകേന്ദ്രമാണ് ചേപ്പാട് പള്ളി. ദേശീയപാതയുടെ നിർമ്മാണത്തിനായി പള്ളിയും അനുബന്ധ സ്ഥാപനങ്ങളും പൊളിക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം 29-07-2021 ൽ രേഖാമൂലം സഭയെ അറിയിച്ചിട്ടുള്ളതാണ്. എന്നാൽ ചേപ്പാട് പള്ളി കക്ഷിയായ കേസ് കോടതിയുടെ പരി​​ഗണനയിലിരിക്കെ കഴിഞ്ഞ ദിവസം റവന്യൂ, പോലീസ് അധികാരികൾ കാട്ടിയ അക്രമം മതേതര കേരളത്തിന്റെ ​ഹൃദയത്തിലേറ്റ മുറിവാണെന്ന് മലങ്കരസഭയുടെ മാധ്യമ വിഭാ​ഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയ്സ്കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു. പൗരാണികമായ കൽക്കുരിശ് തകർക്കുന്ന ദൃശ്യങ്ങൾ ക്രൈസ്തവരെ മാത്രമല്ല വിശ്വാസികളായ ഏവരെയും ഞെട്ടിച്ചു.

നിയമപരമായ നടപടിക്രമം പൂർത്തീകരിച്ച് നാട്ടിൽ വികസനം സൃഷ്ടിക്കുന്നതിന് മലങ്കരസഭ ഒരുകാലത്തും എതിരല്ല. അടുത്തിടെ എറണാകുളം ജില്ലയിലെ ചാത്തമറ്റം പള്ളിയുടെ സ്ഥലം റോഡ് വികസനത്തിനായി വിട്ടുനൽകി മാതൃകതീർത്ത വിശ്വാസിസമൂഹമാണ് ഈ സഭയുടേത്. ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ. യന്ത്രസംവിധാനങ്ങൾ ഉപയോ​ഗിച്ച് വലിയ കെട്ടിടങ്ങൾ തന്നെ മാറ്റിസ്ഥാപിക്കാൻ കഴിയുന്ന നാട്ടിൽ അതിന് മുതിരാതെ, സാവകാശം നൽകാതെ മതവികാരത്തെ വൃണപ്പെടുത്തുകയാണ് ചെയ്തത്. സഹനത്തിന്റെ പ്രതീകമായ കുരിശ് എന്നത് വിശ്വാസിക്ക് പ്രത്യാശയും പ്രതീക്ഷയുമാണെന്ന് അറിവില്ലാത്തവരല്ല ഉദ്യോ​ഗസ്ഥർ. എന്നിട്ടും കുരിശ് തകർക്കണമെങ്കിൽ അതിന് പിന്നിൽ ​ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നു. പല വിവാദങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ബോധപൂർവ്വമായ ശ്രമം ഇവിടെ നടന്നിട്ടുണ്ടെന്ന് സാമാന്യജനസമൂഹം ചിന്തിച്ചാൽ തെറ്റുപറയാൻ കഴിയില്ലെന്നും മെത്രാപ്പോലീത്താ പ്രതികരിച്ചു.

അതിപുരാതനമായ കൽക്കുരിശ് പൊളിക്കാൻ കൂട്ടുനിന്ന ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാകണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബുൾഡോസർ രാജ് കേരളത്തിലും നടപ്പാക്കാനാണ് നീക്കമെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നും ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു.

Copyright © 2026 Indian Orthodox Sabha Media Wing. All rights reserved.